Tuesday, September 2, 2014

മധുരമൂറും മാമ്പഴക്കാലം


2011- ല്‍ മികച്ച കൃതിയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്ക്കാരം ലഭിച്ച മാമ്പഴക്കാലംവളരെ നല്ല ഒരു പുസ്തകമാണ്. അജോയ്കുമാര്‍ എന്ന  എഴുത്തുകാരനാണ് ഇതെഴുതിയത്. ഈ പുസ്തകത്തില്‍ എഴുത്തുകാരന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് പറയുന്നത്. മനസ്സില്‍ തട്ടുന്ന രീതിയിലാണ് ഓരോ അനുഭവങ്ങളും ഇതില്‍ എഴുതിയിരിക്കുന്നത്. ജീവിതം അണ്ടു ചെയ്യാന്‍ പറ്റിയിരുന്നങ്കില്‍ എന്ന് എഴുത്തുകാരന്‍ ഇടയ്ക്കു പറയുന്നുണ്ട്.  ഞാനും ഇക്കാര്യം പലതവണ ആലോചിച്ചിട്ടുണ്ട്. അമ്മയോട് ഞാന്‍ ചോദിക്കാറുണ്ട് ജീവിതം അണ്ടു ചെയ്യാന്‍ പറ്റിയാല്‍ അമ്മ ഏത് കാലത്തിലേക്കാണ് തിരിച്ചുപോകുക എന്ന്. അപ്പോള്‍ കുട്ടിക്കാലത്തിലേക്ക് എന്നാണ് അമ്മ പറയുക.


പൂവ് മോഷ്ടിക്കാന്‍ പോയ വീട്ടിലെ മദാമ്മയുടെ സ്നേഹവും , മിഠായി ഭ്രാന്തനെയും മാമ്പഴ്ക്കൊതിയന്‍റെ നിഷ്കളങ്കതയ്ക്കു  കിട്ടിയ അദ്യത്തെ മുറിവും, ചക്ക ശശി എന്ന് വിളിക്കുന്ന ശശിയുടെ കഥയും മരിച്ചുപോയ  ജോബിനെ കുറിച്ചും ഒക്കെ വായിച്ചപ്പോള്‍ എനിക്കു ശരിക്കും സങ്കടം വന്നു. വളരെ കാലത്തിനു മുന്പ് നടന്ന കാര്യങ്ങളാണെങ്കിലും ഇവരൊക്കെ എന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ തോന്നി. ഏറ്റവും അധികം മനസ്സില്‍ തട്ടിയത് ചക്ക ശശിയുടെയും ജോബിന്‍റെയും അനുഭവമാണ്. മാനസിക വളര്‍ച്ചയില്ലാത്ത പാവം കുട്ടിയായിരുന്നു ശശി.  അവനെ ആര്ക്കും ഇഷ്ടമല്ലായിരുന്നു. പിന്നെ അവന്റെ നല്ല മനസ്സ് കുട്ടികള്‍ തിരിച്ചറിയുന്നുണ്ട്. നിഷ്ക്കളങ്കനായ ജോബിന്റെ മരണവും ശശിയുടെ മരണവും തീര്‍ച്ചയായും നമ്മുടെ കണ്ണുനയിക്കും. രവി വലുതായപ്പോള്‍ ശശിയെ അന്വേഷിക്കുകയും കയ്യില്‍ അഞ്ഞൂറു രൂപ വെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു ദിവസം രവി പത്രം നോക്കുമ്പോള്‍ അതില്‍ ഒരു വാര്‍ത്ത കണ്ടു. തലയ്ക്ക് സുഖമില്ലാത്ത മകന് വിഷം കൊടുത്തു അമ്മയും ആത്മഹത്യ ചെയ്തു എന്ന്‍. അത് ശശിയും അമ്മയും ആയിരുന്നു.


മണിയന്‍ ചേട്ടന്റെ  കൂടെയുള്ള സംഭവങ്ങള്‍ വളരെ രസകരമായി എഴുതിയിട്ടുണ്ട്.  അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വായനശാലയില്‍ കുടുങ്ങി പോയതായിരുന്നു. നല്ല രസമായിരുന്നു അത് വായിക്കാന്‍. കടിയന്‍ പട്ടി രാധയെ ഓടിച്ചിട്ടു കടിക്കുന്നതും കടികിട്ടിയപ്പോള്‍ അമ്മൂമ്മ കൊടുത്ത ലഡു ആര്‍ക്കും കൊടുക്കാതെ കരഞ്ഞുകൊണ്ടു തിന്നു തീര്‍ക്കുന്നതും വളരെ ഭംഗിയായി  എഴുതിയിട്ടുണ്ട് . ശബരിമലയിലേക്കുള്ള യാത്രാ വിവരണം വായിക്കുമ്പോള്‍ ഒരിയ്ക്കലും പോയിട്ടില്ലാത്ത ശബരിമല നമുക്ക് ഭാവനയില്‍ കാണാം.

 ഞാനൊക്കെ ഏതു സിനിമ ഇറങ്ങിയാലും അപ്പോള്‍ തന്നെ കാണാന്‍ പോകാറുണ്ട്. പക്ഷേ ഈ കഥയിലെ രവി കൂട്ടന് എന്ന കുട്ടിയെ കുറിച്ചു ആലോചിച്ചപ്പോള്‍  വളരെ സങ്കടം തോന്നി.  ഏതെങ്കിലും ഒരു സിനിമ അതും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ.  പിന്നെ രവിക്കുട്ടനും കൂട്ടുകാരും ഓണത്തിന് പൂക്കള്‍ പറിക്കാന്‍ പോകുന്നതുമൊക്കെ നല്ല രസമായിരുന്നു.  ഇപ്പോള്‍ ഓണത്തിന് കടയില്‍ നിന്നാണ് ഞങ്ങള്‍ പൂക്കള്‍ വാങ്ങുന്നത്. അതും തിരുവോണത്തിന്  മാത്രം മുറ്റത്തു പൂക്കളം ഇടും. നാട്ടിലൊക്കെ പത്തു ദിവസവും പൂക്കളം ഇടാറുണ്ടെന്ന് കേട്ടിട്ടുണ്ട്. കുട്ടികള്‍ പൂക്കള്‍ പറിക്കാന്‍ പോകുന്നതൊക്കെ ഓണക്കാലത്ത് ടി വിയില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അത്തരം അനുഭവങ്ങളൊന്നും എനിക്കില്ല.

ഈ പുസ്തകം വായിച്ചപ്പോള്‍ ഇതേ പോലൊരു കുട്ടിക്കാലം എനിക്കും കിട്ടിയാല്‍ കൊള്ളമായിരുന്നു എന്നു ഞാന്‍ വിചാരിച്ചു. അമ്മയുടെയും അച്ഛന്റെയും കുട്ടികാലത്തെ കഥകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അവരുടെ അനിയത്തിയായിട്ടു ജനിച്ചാല്‍ കൊള്ളാമെന്ന് അപ്പോള്‍ വിചാരിക്കും.   എന്തു രസമാണ് വയലും പാടവും തോടും കുളവും. ഒക്കെയുള്ള നാട്. വയനാടില്‍ അച്ചന്റെ വീടും പയ്യന്നൂരില്‍ അജിത് മാമന്‍റെ വീടും എനിക്കു വല്യ ഇഷ്ടമാണ്. പയ്യന്നൂരില്‍ എനിക്കു ഒരുപാട് കൂട്ടുകാരുണ്ട്. അവരോടൊത്തു വയലില്‍ പോകാനും കളിക്കാനുമൊക്കെ എനിക്കു ഒരുപാടിഷ്ടമാണ്. ഈ പുസ്തകം നമ്മെ രസിപ്പിക്കുകയും നമ്മുടെ കണ്ണുനനയിക്കുകയും മാത്രമല്ല കുറെ നല്ല പാഠങ്ങളും നമുക്ക് പകര്‍ന്നു തരും. മിഠായിയുമായി സ്നേഹത്തോടെ വിളിക്കുന്ന ഭ്രാന്തന്റെ കഥ നല്ലൊരു ഗുണപാഠമാണ് നമുക്ക് തരുന്നത്.

രവിക്കുട്ടന്റെ കുട്ടിക്കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്കും അതുപോലൊരു കുട്ടിക്കാലം വേണമെന്ന് അറിയാതെ ഏതൊരു കുട്ടിയും ആഗ്രഹിച്ചുപോകും.അതുകൊണ്ടു തന്നെ എല്ലാവരും ഈ പുസ്തകം ഉറപ്പായിട്ടും വായിക്കണം.  

No comments:

Post a Comment