ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ
ജര്‍മ്മൻ എകാധിപാതിയായ ഹിറ്റ്ലർ യഹൂദ ജനതയോട് കാട്ടിയത് അതിഭയങ്കരമായ ക്രൂരതയായിരുന്നു. ഈ ക്രൂരതകൾ ആൻ ഫ്രാങ്കിന്റെ ഡയറി വഴി ലോകം അറിഞ്ഞു.ഹിറ്റ്ലറുടെ ക്രൂരതയിൽ ഇല്ലാതാക്കപ്പെട്ട അനേകം കുടുംബങ്ങളിൽ ഒന്നായിരുന്നു ആൻ ഫ്രാങ്കിന്‍റേത്. വളരെ സന്തോഷത്തോടെയാണ് ആൻഫ്രാങ്കിന്‍റെ കുടുംബം കഴിഞ്ഞിരുന്നത്. പെട്ടന്നാണ് ജര്‍മ്മന്‍കാരുടെ ആക്രമണം തുടങ്ങിയത്. പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെടാൻ ആനിന്‍റെ കുടുംബത്തിന് ഒളിത്താവളത്തിലേക്ക് മാറേണ്ടിവന്നു. അച്ഛൻ , അമ്മ,ചേച്ചി, മിസ്റ്റർ ഡുസ്സൽ, മിസ്സിസ് വോണ്‍ ഡാൻ , മിസ്റ്റർ വോണ്‍ ഡാൻ അവരുടെ മകൻ മിസ്റ്റർ പീറ്റർ വോണ്‍ ഡാൻ എന്നിവരായിരുന്നു ഒളിത്താവളത്തിൽ ഉണ്ടായിരുന്നത്. അവരെ സഹായിക്കാൻ നാല് സഹായികൾ ഉണ്ടായിരുന്നു.സൈനികരുടെ പിടിയിൽ പെടാതിരിക്കാൻ അവർ കുറെ കഷ്ടപ്പെട്ടു. മിക്കപ്പോഴും വേവിച്ച ഉരുളക്കിഴങ്ങ് മാത്രം തിന്നു വിശപ്പടക്കി. സ്കൂളിൽ ഒന്നും പോകാതെ പുറംലോകം കാണാതെയുള്ള ദിവസങ്ങള് ആനിന് ദുസ്സഹമായിരുന്നു. അവൾ തന്‍റെ വിഷമങ്ങൾ കിറ്റി എന്ന ഡയറിയിൽ എഴുതിക്കൊണ്ടിരുന്നു.
'മറ്റാരും ഈ ലോകത്തിലില്ലെങ്കിൽ എന്‍റെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഒരു പെണ്‍കുട്ടിയായിത്തീരാൻ എനിക്ക് കഴിയുമല്ലോ എന്ന് ഞാനാലോചിച്ചുപോകും'എന്നെഴുതിക്കൊണ്ടാണ് ആൻ ഡയറി അവസാനിപ്പിക്കുന്നത്. ആനും കുടുംബവും പിടിക്കപ്പെട്ടതിനു ശേഷമാണ് ആനിന്‍റെ ഡയറി ജൂതകുടുംബങ്ങളെ സഹായിച്ചിരുന്ന മീപ്പ്, എല്ലി എന്നീ പെണ്‍കുട്ടികളുടെ കൈകളിൽ എത്തിച്ചേരുന്നത് . യുദ്ധത്തിന് ശേഷം ആനിന്‍റെ പിതാവ് തിരിച്ചെത്തുന്നതുവരെ അവർ അത് സൂക്ഷിക്കുന്നു.
ഈ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത് സൈന്യം പിടിച്ചുകൊണ്ടുപോയ ആനിനും മറ്റുള്ളവര്‍ക്കും എന്ത് സംഭവിച്ചു എന്ന് പറയുന്നുണ്ട്. മിസ്റ്റർ വാണ്‍ ഡാന്‍ വിഷവാതക പ്രയോഗത്തിന് ഇരയാകുന്നു. ഓട്ടോ ഫ്രാങ്ക് ആശുപത്രിയിലാകുന്നു . പീറ്റർ വാണ്‍ ഡാനെ കുറിച്ച് ഒരുവിവരവും ഇല്ല. ആനിന്‍റെ അമ്മയുടെ മരണത്തിന് ശേഷം ആനിനേയും ചേച്ചിയെയും ജര്‍മ്മനിയിലെ ബെർഗൻ ബെൽസനിലെക്കു കൊണ്ടുപോയി. അവിടെ വെച്ച് രണ്ടു പേർക്കും ടൈഫസ് പിടിപെട്ടു. തന്‍റെ സഹോദരി കണ്‍മുൻപിൽ പിടഞ്ഞു വീണു മരിക്കുന്നത് കണ്ട ആൻഫ്രാങ്ക് മാനസികമായി ആകെ തകരുകയും കുറച്ചു ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു.
ഈ പുസ്തകം എന്നെ വല്ലാതെ വേദനിപ്പിച്ചു. ആനിന്‍റെ ജീവിതാവസ്ഥ എന്നെ കരയിച്ചു. സൈനിക ക്യാമ്പിൽ അസാമാന്യ ധൈര്യം കാണിച്ച ആൻ രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു. ഒളിത്താവളത്തിലെ വിരസത അകറ്റാൻ ആൻ ഇങ്ങനെ ഒരു ഡയറി എഴുതിയില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റനേകം പേരെ പോലെ ആനിന്‍റെ ജീവിതവും ആരും അറിയുമായിരുന്നില്ല...
nicely written dear
ReplyDeleteBook എവിടെ
ReplyDelete