ഞാനും അമ്മയും അച്ഛനും കൂടി ശിവാരാത്രിയുടെ തലേദിവസം പലക്കാട്പോയി..അച്ഛന്റെ ഡോക്യുമെന്ററിക്ക് വേണ്ടി എലപുള്ളിയിലെ മാര്‍ക്കണ്ടേയ നാടകം ഷൂട്ടുചെയ്യാനാണ് ഞങ്ങള്‍ പോയത്. ഫെബ്രുവരി 19 ഞായറാഴ്ച രാവിലെയാണ് ഞങ്ങള്‍ പുറപ്പെട്ടത്. ട്രൈനില്‍ ഞാന്‍ കുറേനേരം പുറത്തേക്കു നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പുസ്തകം വില്‍ക്കുന്ന ആള്‍ വന്നു. ഞാന്‍ ടിന്റുമോന്‍ ജോക്സ് വേണമെന്നുപറഞ്ഞു. അതുവാങ്ങണ്ടാന്ന് അമ്മപറഞ്ഞു . പിന്നെ അച്ഛന്‍ എനിക്ക് ടിന്റുമോന്ജോക്സും ഗാന്ധിക്വിസും വാങ്ങിത്തന്നു. കുറേനേരം ഞാന്‍ ടിന്റുമോന്ജോക്സ് വായിച്ചിരുന്നു. അമ്മയ്ക്കും പറഞ്ഞുകൊടുത്തു...ഇടയ്ക്ക് ഞാന്‍ ഉറങ്ങിപ്പോയി..വൈകുന്നേരം ഞങ്ങള്‍ പാലക്കാട് ടൌണില്‍ എത്തി..കൈരളി ഹോട്ടെലില്‍ മുറിയെടുത്തു. മുന്‍പൊരിക്കല്‍ വന്നപ്പോഴും ഇതേ ഹോട്ടെലിലാണ് ഞങ്ങള്‍ താമസിച്ചത്..കുളികഴിഞ്ഞ് ഞങ്ങള്‍ കല്‍പ്പാത്തിയില്‍ ഒരു അപ്പൂപ്പന്‍റെ കടയില്‍ ദോശ തിന്നാന്‍പോയി. ഞങ്ങള്‍ പാലക്കാട് വരുമ്പോഴൊക്കെ ഈ കടയില്‍ നിന്ന് ദോശതിന്നും. അവിടത്തെ ദോശയും ചമ്മന്തിയും നല്ലരുചിയാണ്..ഞങ്ങള്‍ എത്തുമ്പോഴേക്കും ദോശ തീര്‍ന്നുപോയിരുന്നു. ഞങ്ങള്‍ നിരാശയോടെ മടങ്ങി. വേറൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. അതിനടുത്തുള്ള കടയില്‍ നിന്ന് അമ്മ എനിക്ക് ബോയും കമ്മലും വാങ്ങിത്തന്നു.
പിറ്റേദിവസം രാവിലെ കോഴിക്കോട്ട്നിന്നു ക്യാമറാമാന്‍ മുകെഷ്മാമനും വേറൊരു ചേട്ടനും വന്നു..ഞങ്ങള്‍ എല്ലാവരും കൂടെ ഒരു ഓട്ടോയില്‍ എലപ്പുള്ളിയിലെക്കുപോയി. ഓട്ടോയില്‍ പോകുമ്പോള്‍ റോഡിന്റെ ഇരുവശത്തും നെല്‍പ്പാടങ്ങള്‍ കണ്ടു. റോഡില്‍ ചിലസ്ഥലത്ത് കൊയ്തെടുത്ത നെല്‍ക്കതിര്‍ കേട്ടിവച്ചിരിക്കുന്നതുകണ്ടു .അമ്മ എനിക്ക് ഓരോകാര്യവും പറഞ്ഞുതന്നു..കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എലപ്പുള്ളി പാറ ടൌണില്‍ എത്തി..ജെ പി മാമന്റെ ഓഫീസില്‍ പോയി..ഒരു കടയുടെ മുകളില്‍ ആയിരുന്നു ഓഫീസ്..കുറച്ചുനേരം ഞങ്ങള്‍ അവിടെ കാത്തിരുന്നു..പിന്നെ ജെ പി മാമന്റെ കൂടെ ഞങ്ങള്‍ എണ്ണപ്പാടം എന്നസ്ഥലത്ത് ഒരു അപ്പൂപ്പന്‍റെ വീട്ടിലേക്കുപോയി..ഒട്ടോ യിലാണ് പോയത്..നല്ല ഭംഗിയുള്ളസ്ഥലങ്ങളായിരുന്നു പോകുമ്പോള്‍ കണ്ടത്. പച്ചയും മഞ്ഞയും കളറുള്ള നെല്‍പ്പാടങ്ങള്‍. പിന്നെ ആടുകള്‍,പശുക്കള്‍ ഒക്കെകണ്ടു. എല്ലാവീടിനുമുന്നിലും പുളി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. ഞാന്‍ ആദ്യമായാണ് ഇതൊക്കെ കാണുന്നത്.
അപ്പൂന്റെ വീടും നല്ല ഭംഗിയുള്ള സ്ഥലത്തായിരുന്നു. പശുവളര്ത്തലിനു മികച്ച കര്‍ഷകനുള്ള അവാര്‍ഡൊക്കെ കിട്ടിയിട്ടുള്ള ആളാണ് അപ്പൂപ്പനെന്നു അച്ഛന്പറഞ്ഞു. അവിടെ ഒരു പട്ടിയുണ്ടായിരുന്നു. അത് ഞങ്ങളെ കണ്ടപ്പോള്‍ കുരച്ചുകൊണ്ടു വന്നു. അപ്പൂപ്പന്‍ പറഞ്ഞു അതിനു വയസ്സായി അതൊന്നും ചെയ്യില്ലാന്ന്. അപ്പോഴാണ് എന്റെ പേടിമാറിയത്. അവിടെ പതിനഞ്ചോളം പശുക്കള്‍ ഉണ്ടായിരുന്നു. പിന്നെ ഒരുപാട് കോഴികള്‍, രണ്ടു കറുത്ത ആടുകള്‍, മൂന്ന് ചെറിയ പശുക്കുട്ടികള്‍.പിന്നെ പറമ്പില്‍ നിറയെ വൈക്കോല്‍ കുന്നുകള്‍ കണ്ടു. അതാണ് വൈക്കൊല്‍ത്തുറു എന്ന് അമ്മപറഞ്ഞു. ഞാന്‍ അതില്‍ കയറിക്കളിച്ചു. പിന്നെ പശുത്തൊഴുതില്‍ പശുക്കുട്ടികളെ ഞാന്‍ തൊട്ടുനോക്കി.നല്ല രസമായിരുന്നു പശുക്കുട്ടികളെകാണാന്‍ . പിന്നെ എനിക്ക് അപ്പൂപ്പന്‍ നല്ല പശുവിന്‍പാല്‍ കുടിക്കാന്‍ തന്നു. നല്ല രുചിയായിരുന്നു പാലിന്. അപ്പൂപ്പന്റെ വീടിനുതാഴോട്ടുപോയാല്‍ നെല്‍ വയലും കൈതോടും ഉണ്ടായിരുന്നു.
പോയി.ഞങ്ങള്‍ നെല്‍പാടത്തിലൂടെ നടന്നു. വെള്ളത്തില്‍ ഇറങ്ങി.
അമ്മ എനിക്ക് കുറെ നാട്ടുപൂക്കള്‍ കാണിച്ചുതന്നു. ഞാന്‍ കുറെപൂക്കള്‍ പറിച്ചു.വയലിലേക്കു പോകുന്ന വഴിയില്‍ ഒരു മുളങ്കാടുണ്ടായിരുന്നു.കാറ്റടിച്ചപ്പോള്‍ ഞാന്‍ മുളയുടെ ശബ്ദം കേട്ടു.
പിന്നെ ഞങ്ങള്‍ തിരിച്ച് അപ്പൂപ്പന്റെ വീട്ടില്‍ വന്നു. അവിടെ കുറെ പുളിമരം ഉണ്ടായിരുന്നു. പഴുത്തപുളി തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വായില്‍ വെള്ളംനിറഞ്ഞു. രണ്ടുപേര്‍ പുളിമരത്തില്‍ കയറി പുളിപറിക്കുന്നുണ്ടായിരുന്നു. മഴപെയ്യുന്നത്പോലെ പുളിവീഴുന്നത് കാണാന്‍ നല്ലരസമായിരുന്നു. ഞാന്‍ കുറെ പുളിതിന്നു. ഒരു അമ്മൂമ്മ പുളിപെറുക്കാന്‍ കൊട്ടയുമായിവന്നു. ഞാന്‍ അവര്‍ക്ക് പുളിപെറുക്കികകൊടുത്തു.
ഉച്ചയ്ക്ക് ഞങ്ങള്‍ വീണ്ടും പാറടൌണില്‍ പോയി കാന്റീനില്‍ നിന്ന് ചോരുറുന്നു. പിന്നെ ഞങ്ങള്‍ വേറെ ഒരു വീട്ടില്‍പോയി. അവിടെ തൊഴുത്തില്‍ രണ്ടു വലിയപശുക്കള്‍ ഉണ്ടായിരുന്നു. ഞാന്‍ അവയ്ക്ക് വൈക്കോല്‍ കൊടുത്തു. ഒരു പാവം ആന്റി അവിടെ ഉണ്ടായിരുന്നു..അവിടെ മുറ്റത്ത് നിറയെ നെല്ല് ഉണക്കാനിട്ടിരുന്നു. ജെ പി മാമന്‍ എനിക്ക് മട്ടഅരിയുടെ വിത്ത് വാങ്ങിത്തന്നു.. വിടെ ഒരു മാവ് നിറയെ പൂത്ത്നില്‍ക്കുന്നുണ്ടായിരുന്നു . എനിക്ക് കൈകൊണ്ടു തൊടാന്‍ പറ്റുന്ന അത്രയും ഉയരമേ ഉണ്ടായിരുന്നുള്ളൂ.
വൈകുന്നേരം ഞങ്ങള്‍ പലക്കടെക്ക് തിരിച്ചു. വഴിക്ക് റോഡില്‍ നിറയെ ചെമ്മരിയാടുകളെ കണ്ടു. ജെ പി മാമന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതാണെന്ന്. പാലക്കാട് എത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും കല്പ്പാത്തിയിലെ ദോശക്കടയില്‍ പോയി. അവിടെ ദോശതീര്‍ന്നിരുന്നു. എല്ലാവര്ക്കും സങ്കടം വന്നു. ഹോട്ടലില്‍ എത്തി കുളിയൊക്കെ കഴിഞ്ഞു ഞങ്ങള്‍ വീണ്ടും രാത്രി എലപ്പുള്ളിയില്‍ എത്തി.. നേരത്തെ പോയ അപ്പൂപ്പന്റെ വീടിനടുത്തായിരുന്നു മാര്‍ക്കണ്ടെയ നാടകം. രാത്രി പത്തുമണിമുതല്‍ രാവിലെ ആരുമാണിവരെയായിരുന്നു നാടകം. റോഡരുകില്‍ കെട്ടിയ ഒരു സ്റ്റേജില്‍ ആണ് നാടകം കളിക്കുന്നത്. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള തമിഴ് സംഗീത നാടകമാണിതെന്നും സംഭാഷണം പാട്ടുരൂപത്തിലാണെന്നും അച്ഛന്‍ പറഞ്ഞു.. ആളുകളൊക്കെ സ്റ്റേജിനുമുന്നില്‍ ചാക്കുകളും പായയും വിരിച്ചു ഇരിക്കുന്നു. ഞങ്ങള്‍ കസേരയിലാണ് ഇരുന്നത്. നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ ബെഡ്ഷീറ്റുകൊണ്ട് മൂടിപ്പുതച്ച് അമ്മയുടെ മടിയില്‍ ഇരുന്നു. നാടകം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നത് വലിയ ബഹളം കേട്ടിട്ടാണ്.യമന്‍ വരുന്ന അലര്ച്ചയാണതെന്ന് അമ്മപറഞ്ഞു.അപ്പോഴേക്കും രാവിലെ ആയിരുന്നു. അമ്മ എനിക്ക് നാടകത്തിന്റെ കഥ പറഞ്ഞു തന്നു.
പിന്നെ ഞങ്ങള്‍ തിരിച്ച് ഹോട്ടലില്‍ വന്നു. കുറേനേരം കിടന്നുറങ്ങി. വൈകുന്നേരം വരെ ഞങ്ങള്‍ ഹോട്ടലില്‍ തന്നെയായിരുന്നു. വൈകീട്ട് കല്‍പ്പാത്തിയില്‍ പോയി ദോശ തിന്നു. അപ്പോഴെങ്കിലും ദോശ കിട്ടിയതില്‍ സന്തോഷമായി..ഞങ്ങള്‍ അവിടെനിന്നു ചമ്മന്തിപ്പൊടിയും അച്ചാറും വാങ്ങി.. രാത്രി ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുപോന്നു...
നല്ല രസമുണ്ട് വായിക്കാന്‍. ശരിക്ക് ആ സ്ഥലത്ത് പോയപോലെ തോന്നി...:)
ReplyDeletethanx..... Raghu Uncle
ReplyDeleteammukuttty.... njanum innu ninte araadhika....
ReplyDelete