പുതുലും ഡോള്‍ഫിനുകളും
കുട്ടികള്‍ക്ക് വേണ്ടി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന മറിയം - കരിം അഹ്‌ലാവത് എന്ന എഴുത്തുകാരിയുടെ പുതുലും ഡോള്‍ഫിനുകളും എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രശസ്ത കവയത്രി സുഗതകുമാരിയാണ്.ബംഗാളില്‍ ഗംഗാ നദിയുടെ തീരത്ത് ധാബ്രി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന പുതുല്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. മീന്‍ പിടിച്ച് വിറ്റ് ജീവിക്കുന്ന മുക്കുവരുടെ ഗ്രാമമാണ് ധാബ്രി. അവുടെയുള്ള പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് പുതുല്‍. അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് പാവപ്പെട്ടവരായിരുന്നു പുതുലിന്റെ അച്ഛനും അമ്മയും. പുതുല്‍ വീട് വൃത്തിയാക്കാനും അച്ഛന്‍ കൊണ്ടുവരുന്ന മീന്‍ തരംതിരിക്കാനുമൊക്കെ അമ്മയെ സഹായിക്കും. ബാക്കിയുള്ള സമയം അവള്‍ ഗ്രാമത്തിലെ കുട്ടികളോടൊത്ത് കളിക്കും. പുഴയില്‍ നീന്തും. പുതുലിനോട് എനിക്ക് അസൂയതോന്നി. ഗ്രാമവും പുഴയുമൊക്കെ എനിക്കും ഒരുപാടിഷ്ടമാണ്. പക്ഷെ പുതുലിന് സ്‌കൂളില്‍ പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു. ധാബ്രിയിലെ ജനങ്ങള്‍ക്ക് കൂട്ടുകാരിയും ശത്രുവുമായിരുന്നു നദി. അവര്‍ നദിയില്‍ നീന്തും മീന്‍ പിടിക്കും. അവര്‍ക്ക് കഴിക്കാനും വില്‍ക്കാനുമുള്ള മീന്‍ നദിയില്‍ നിന്ന് കിട്ടും.
പക്ഷേ മഴക്കാലം വന്നാല്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടാവും. ചിലപ്പോള്‍ മഴകൊണ്ട് നദി നിറയും. കരകവിഞ്ഞൊഴുകും. ചിലപ്പോള്‍ നദി അവരുടെ വാതില്‍ക്കല്‍ വന്ന് മുട്ടും.അവര്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ മീന്‍പിടിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കും. കൂടുതല്‍ മീന്‍ കിട്ടുന്നതിനാല്‍ അവര്‍ക്ക് മഴക്കാലത്തെ ഇഷ്ടമാണ്. ചിലപ്പോള്‍ മഴ കോപിച്ച് ഗ്രാമത്തെ മുക്കിക്കളയും. കുടിലുകളും മരങ്ങളും പിഴുതെറിയും. അങ്ങനെയുള്ളപ്പോള്‍ നാട്ടുകാര്‍ അവിടം വിട്ട് ഓടിപ്പോകും. വെള്ളപ്പൊക്കത്തെ കുറിച്ച് വായിച്ചപ്പോള്‍ ഞാന്‍ കഴിഞ്ഞ ഡിസംബറില്‍ ഇവിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും ഓര്‍ത്തു. കനത്തമഴയില്‍ ഞങ്ങളുടെ വീടിനടുത്തുള്ള പുഴ നിറഞ്ഞൊഴുകിയപ്പോള്‍ തൊട്ടടുത്ത വീട്ടിലെല്ലാം വെള്ളം കയറി. അവിടെയുള്ള വീട്ടുകാരൊക്കെ സാധനങ്ങളുമായി അടുത്തുള്ള സ്‌കൂളില്‍ വന്ന് താമസിച്ചു. ഞാനും അച്ഛനും അമ്മയും റോഡില്‍ നിന്ന് നോക്കുമ്പോള്‍ പാലത്തിനടിയിലൂടെ വെള്ളം ശക്തിയായി ഒഴുകുന്നത് കണ്ടപ്പോള്‍ എനിക്ക് പേടിയായി.
പുതുലിന് മഴക്കാലം വലിയ ഇഷ്ടമായിരുന്നു. മഴവെള്ളത്തോടൊപ്പം ഡോള്‍ഫിനുകളും വരും. പുതുലും കൂട്ടുകാരും ദൂരെനിന്ന് അവയെ കാണും. ചിലര്‍ കുന്തങ്ങളുമായി ഡോള്‍ഫിന്‍ വേട്ടയ്ക്കിറങ്ങും. പക്ഷേ ബുദ്ധിയുള്ള ഡോള്‍ഫിനുകള്‍ ഒഴിഞ്ഞുമാറി പൊയ്ക്കളയും. ഒരു കടുത്ത മഴക്കാലത്ത് വീടുകളിലെല്ലാം വെള്ളം കയറി. ആളുകള്‍ വീട്ടിലെ സാധനങ്ങള്‍ അടുക്കിവെച്ച് അതിനുമുകളില്‍ ഇരുന്നു. പുതുലും അമ്മയും ഉയരമുള്ള ഒരു തട്ടിന്‍മുകളിലായിരുന്നു. പുതുലിന്റെ അച്ഛനും മറ്റുള്ളവരും മീന്‍വില്‍ക്കാനും ഭക്ഷണം വാങ്ങാനും പോയിരിക്കയായിരുന്നു. പുതുല്‍ കളിച്ചുകൊണ്ടിരിക്കുന്നു. അമ്മ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് പുതുല്‍ ക്വീ..ക്വീ എന്നൊരു ശബ്ദം കേട്ടത്. അവള്‍ നോക്കുമ്പോള്‍ രണ്ട് ഡോള്‍ഫിനുകള്‍ വീട്ടിനുള്ളിലേക്ക് കയറി വരുന്നു. സന്തോഷവും അത്ഭുതവും കൊണ്ട് പുതുല്‍ അമ്മയെവിളിച്ച് അവയെ കാണിച്ചു. അമ്മ പറഞ്ഞു അവയെ ഓടിച്ച് വിടരുത്. അച്ഛനും കൂട്ടുകാരും വന്നാല്‍ അവരതിനെ കുന്തമെറിഞ്ഞ് കൊന്ന് വിറ്റ് കാശുണ്ടാക്കും. പുതുല്‍ പറഞ്ഞു അയ്യോ അമ്മേ അതിനെ കൊല്ലരുത്. എത്ര സന്തോഷത്തോടെയാണ് അവ കളിക്കുന്നത്. അമ്മ കുറച്ച് പഴഞ്ചോര്‍ ഇട്ട്‌കൊടുത്ത് അവയെ അവിടെ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പുതുല്‍ അവയെ ഓടിക്കാന്‍ ഒരുപാട് ശ്രമിച്ചു. അവപോയില്ല. ഒടുവില്‍ അവള്‍ വെള്ളത്തില്‍ ഇറങ്ങി ക്വീ...ക്വീ എന്ന് ശബ്ദമുണ്ടാക്കി പുറത്തേക്ക് നീന്തി. ഡോള്‍ഫിനുകള്‍ അവളുടെ പിറകെ നീന്തി. അമ്മ വിളക്കുന്നതൊന്നും അവള്‍ കേട്ടില്ല. ഡോള്‍ഫിനുകളെ രക്ഷിക്കുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം. പുതുല്‍ അകലേക്ക് നീന്തി. പിറകെ ഡോള്‍ഫിനുകളും. ഗ്രാമവാസികള്‍ ആ കാഴ്ചകണ്ട് അമ്പരന്ന് നിന്നു. പെട്ടെന്ന് ശക്തമായ ഒഴുക്ക് പുതുലിനെ ദൂരേക്ക് കൊണ്ടുപോയി. അവള്‍ പേടിച്ച് നിലവിളിച്ചു. അവളെ രക്ഷിക്കാന്‍ നീന്തല്‍ അറിയാവുന്ന ആരും അപ്പോള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഡോള്‍ഫിനുകള്‍ രണ്ട് വശത്ത് നിന്നും അവളെ ഉയര്‍ത്തി നിര്‍ത്തി. പുതുല്‍ പതുക്കെ നീന്തി കരയിലേക്ക് വന്നു. അവള്‍ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഡോള്‍ഫിനുകള്‍ ദൂരേക്ക് നീന്തിപ്പോകുന്നതാണ് കണ്ടത്. അവള്‍ അമ്മയോട് പറഞ്ഞു. അവരെ രക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവരാണ് സത്യമായും എന്നെ രക്ഷിച്ചത്. അപ്പോള്‍ അവളുടെ അമ്മ പറഞ്ഞു. ഇനിമുതല്‍ ഡോള്‍ഫിനുകളെ കൊല്ലാന്‍ ഞാന്‍ നിന്റെ അച്ഛനെ അനുവദിക്കില്ല. അന്നുമുതല്‍ ധാബ്രി ഗ്രാമത്തിലെ ആരും ഡോള്‍ഫിനുകളെ ഉപദ്രവിച്ചിട്ടില്ല.
ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി. സ്വന്തം ജീവന്‍പോലും അവഗണിച്ചാണ് പുതുല്‍ ഡോള്‍ഫിനുകലെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഡോള്‍ഫിനുകളെ കൊന്ന് പട്ടണത്തില്‍ കൊണ്ടുപോയി വിറ്റാല്‍ കഷ്ടപ്പാടുകള്‍ മാറുമെന്ന് അമ്മ പറഞ്ഞിട്ടും പുതുല്‍ അവയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഈ കഥയ്ക്ക് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പ്രോയ്തി റോയ് എന്ന ചിത്രകാരിയാണ്. പുതുലിന്റെ ഗ്രാമവും കുടിലും പുഴയും ഡോള്‍ഫിനുകളും വെള്ളപ്പൊക്കവുമൊക്കെ വരച്ചത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. കഥപോലെ തന്നെ ചിത്രങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമായി.
ദേശാഭിമാനി വിഷുപ്പതിപ്പ് 2012
No comments:
Post a Comment