Saturday, August 29, 2015

മാഞ്ചി എന്ന അല്‍ഭുത മനുഷ്യന്


കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ ടെക്സ്റ്റില്‍ എനിക്കു ദസരത്ത് മാഞ്ചി എന്ന അത്ഭുത മനുഷ്യനെ കുറിച്ച് പഠിക്കാന്‍ ഉണ്ടായിരുന്നു. പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ് ദസരത്ത് മാഞ്ചിയും കുടുംബവും താമസിച്ചിരുന്നത്. മാഞ്ചിക്ക് ഭക്ഷണം നല്‍കാന്‍ ഭാര്യ പല്‍ഗുനി മല കയറി പോകുക പതിവായിരുന്നു. ഒരിക്കല്‍ പതിവ് തെറ്റിക്കാതെ ഭക്ഷണവും കൊണ്ട് പോകുമ്പോള്‍  കാല്‍ തെറ്റി വീണ പാല്‍ഗുണിയെയും എടുത്തു കൊണ്ട് മാഞ്ചി മല കയറിയിറങ്ങി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവര്‍ മരിച്ചുപോയി. നേരത്തെ എത്തിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പക്ഷേ അവരെ രക്ഷിക്കാമായിരുന്നു.
                        യഥാര്‍ത്ഥ മാഞ്ചി 

വന്‍മലകള്‍ക്കിടയില്‍ ഒരു റോഡുണ്ടായിരുന്നെങ്കില്‍ തന്റെ ഭാര്യയെ രക്ഷിക്കാന്‍ പറ്റുമായിരുന്നെന്ന് മാഞ്ചിക്ക് തോന്നി.
അങ്ങനെ ദസരത്ത് മാഞ്ചി ആ മലയില്‍ ഒരു റോഡ് പണിയാന്‍ തുടങ്ങി. എല്ലാവരും അയാളെ കളിയാക്കുകയും ഭ്രാന്തന്‍ എന്നു വിളിക്കുകയും കുട്ടികള്‍ അയാളെ കല്ലെറിയുകയും ചെയ്തു. മാഞ്ചി അതൊന്നും കാര്യമാക്കാതെ തന്റെ ജോലി തുടര്‍ന്നു. ആളുകളുടെ കളിയാക്കല്‍ സഹിക്ക വൈയ്യാതെ മാഞ്ചി മലയില്‍ ഒരു ചെറിയ കുടില്‍ കെട്ടി താമസമാക്കി. വര്‍ഷങ്ങളോളം കൊടും വെയിലത്ത് മാഞ്ചി ഒറ്റയ്ക്ക് പണിയെടുത്തു. വൈകാതെ മലയിലുണ്ടായ മാറ്റം ശ്രദ്ധിച്ച ഗ്രാമ വാസികള്‍ അയാളെ സഹായിച്ചു. അങ്ങനെ  ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് പണി തീര്‍ക്കുകയും ചെയ്തു (1960 – 1982). മാഞ്ചി മരിച്ചിട്ടു ഇപ്പോള്‍ ഏഴു വര്‍ഷമായി. 2011 ല്‍ സര്‍ക്കാര്‍ മാഞ്ചിയുടെ ഗ്രാമത്തിലേക്ക് ഒരു റോഡ് നിര്‍മ്മിച്ചു.



                         യഥാര്‍ത്ഥ മാഞ്ചി 

ടീച്ചര്‍ ഈ പാഠം  പഠിപ്പിച്ചപ്പോള്‍ പര്‍വ്വതങ്ങള്‍ക്കിലെ  ഗ്രാമവും മാഞ്ചിയുമൊക്കെ എന്റെ മനസ്സില്‍ കുടിയേറി. സാധാരണ പാഠങ്ങള്‍ പരീക്ഷകഴിഞ്ഞാല്‍  മറക്കാരാണ് പതിവ്. പക്ഷേ ഈ കഥ എനിക്കു മറക്കാനെ പറ്റിയില്ല.കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ്  ഹിന്ദിയില്‍ ദസരത്ത് മാഞ്ചിയുടെ കഥ സിനിമയാകുന്നെന്ന് കേട്ടത്. എന്തായാലും അതുകാണണമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. അങ്ങനെ കഴിഞ്ഞദിവസം ഞങ്ങള്‍ ആ സിനിമ കണ്ടു. ഞാനും അച്ഛനും അമ്മയും അഭിലാഷ് മാമനും ശ്യാം മാമനും കൂടെയാണ് സിനിമ കാണാന്‍ പോയത്.

ഈ സിനിമ ദസരത്ത് മാഞ്ചിയുടെ ജീവിതം കണ്‍മുന്നില്‍ കാണിച്ചു തരുന്നു. രണ്ടു വലിയ  കുന്നുകളുടെ നടുക്കുള്ള ഗ്രാമവും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും സിനിമയില്‍ കണ്ടു. ദുഷ്ടനായ ജന്‍മിയും താഴ്ന്ന ജാതിക്കാര്‍ നേരിടുന്ന പീഡനങ്ങളുമൊക്കെ കണ്ടപ്പോള്‍ എങ്ങനെയും ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ടോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു.



          സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖി മാഞ്ചിയായപ്പോള്‍ 


കുന്നുകള്‍ക്കിടയിലെ ദസരത്ത് മാഞ്ചിയുടെ ജീവിതവും റോഡ് നിര്‍മ്മാണവും ഒക്കെ നേരില്‍ കാണുന്ന പ്രതീതി ഉണ്ടായി. ദസരത്ത് മാഞ്ചിയായി നവാസുദ്ദീന്‍ സിദ്ദിഖി നന്നായി അഭിനയിച്ചു. എനിക്കു ഏറെ ഇഷ്ടമുള്ള നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി.