Thursday, March 27, 2014

കുട്ടികൾക്ക് 100 ലോകകഥകൾ


   ഇന്നലെ ഞാന്‍  കുട്ടികൾക്ക്  100 ലോകകഥകള്‍ എന്ന പുസ്തകം വായിച്ചു തീര്‍ത്തു. രണ്ടു ദിവസം കൊണ്ടാണ് ഞാന്‍ ഈ പുസ്തകം വായിച്ചു തീര്‍ത്തത്. ഈ പുസ്തകം നിറച്ച് പലതരം രാജ്യങ്ങളിലെ കഥകളാണ്. പക്ഷേ ഈ കഥകളൊന്നും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ലായിരുന്നു. മദ്ധ്യേഷ്യന്‍, അമേരിക്കന്‍, കൊറിയന്‍, ജപ്പാന്‍, റഷ്യന്‍, ആഫ്രിക്കന്‍ തുടങ്ങി പല രാജ്യങ്ങളിലെ  കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

  റഷ്യന്‍, കൊറിയന്‍, ആഫ്രിക്കന്‍ തുടങ്ങിയ രാജ്യങ്ങളിലെ കഥകള്‍ എനിക്കു ഏറെ ഇഷ്ടമായി. അത്ഭുത കഥകള്‍, മാന്ത്രിക കഥകള്‍, ഗുണപാഠ കഥകള്‍ എന്നിങ്ങനെ കഥകളുടെ അത്ഭുത ലോകം തന്നെയാണ് ഈ പുസ്തകം നമുക്ക് മുന്നില്‍ തുറന്നിടുന്നത്. അവധിക്കാലത്ത് കുട്ടികള്‍ക്ക് വായിച്ചു രാസിക്കാവുന്ന ഒരു പുസ്തകമാണിത്.


Monday, March 24, 2014

കീയോ കീയോ




       കുട്ടികളിൽ പ്രകൃതി നിരീക്ഷണത്തിന് താല്പര്യം വളര്ത്തുന്ന നോവലാണ്‌  പ്രൊഫസർ എസ് ശിവദാസിന്റെ  'കീയോ കീയോ'. എഴുത്തുകാരന്റെ വീട്ടുമുറ്റത്തെ മുല്ലവള്ളിയിൽ  കൂടുകൂട്ടിയ ഒരു ഇരട്ടത്തലച്ചി കുടുംബത്തിന്റെ കഥയാണിത്. ഇരട്ടത്തലച്ചി കുഞ്ഞുങ്ങൾക്ക്‌ തീറ്റ കൊടുക്കുന്നതും, മഴയിൽ നിന്ന് സംരക്ഷിക്കുന്നതും എഴുതുകാരാൻ എന്നും നിരീക്ഷിക്കും.

  ഇരട്ടത്തലച്ചി ആദ്യം പുഴുക്കളെയായിരുന്നു കുഞ്ഞുങ്ങൾക്ക്‌ കൊടുത്തിരുന്നത്. പിന്നെ കൊച്ചുപഴങ്ങൾ കൊടുത്തുതുടങ്ങി.രാവിലെ മുതൽ വൈകിട്ടുവരെ ആണ്കിളിയും പെന്കിളിയും കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം കൊടുക്കും. എത്ര കൊടുത്താലും കിളിക്കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ടെയിരിക്കും. പിന്നെ അമ്മക്കിളി കുഞ്ഞിക്കിളിയുടെ കാഷ്ടം വിഴുങ്ങും. ചിലപ്പോൾ കൂടുവൃത്തിയാക്കാൻ അല്ലെങ്കിൽ പോഷക സമൃദ്ധമായത്  കൊണ്ടായിരിക്കും അമ്മക്കിളി അങ്ങനെ ചെയ്യുന്നതെന്ന് എഴുത്തുകാരൻ  അഭിപ്രായപ്പെടുന്നു.

         കിളിക്കുഞ്ഞുങ്ങൾ ആദ്യമായി പറക്കുന്നതൊക്കെ വളരെ രസകരമായി ഈ നോവലിൽ വിവരിക്കുന്നു. പേടിച്ചു പേടിച്ചാണ് കിളിക്കുഞ്ഞുങ്ങൾ പറക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് എഴുതുകാരൻ കിളിക്കുഞ്ഞുങ്ങളെ കാണുന്നത്. ഒരു കുഞ്ഞ് താഴെ വീണപ്പോൾ അതിനെ ഉറുമ്പിൽ   നിന്ന് രക്ഷിക്കുന്നു.  കുഞ്ഞിക്കിളികളെ ഉപദ്രവിക്കാൻ വന്ന ഉപ്പനെയും കാട്ടുകണ്ടൻ പൂച്ചയെയും ചേരപ്പാമ്പിനെയും  എഴുതുകാരാൻ ഓടിച്ചുവിടുന്നു.
വിത്ത് വിതരണത്തിലും കീടങ്ങളെ നശിപ്പിക്കുന്നതിലും കിളികൾ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പല അത്ഭുതങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും എന്ന് ഈ നോവൽ നമ്മെ ഓര്മ്മിപ്പിക്കുന്നു.

                 
             
                    

Friday, March 14, 2014

തൂവല്‍ കുപ്പായക്കാര്‍



          കഴിഞ്ഞ ദിവസം ഞാന്‍ ക്ലാസ്സ് ലൈബ്രറിയില്‍ നിന്ന് 'തൂവല്‍കുപ്പായക്കാര്‍' എന്ന പുസ്തകം എടുത്തു. ഈ പുസ്തകത്തിന്റെ പേര് തന്നെ എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു.സി റഹീം എന്നയാളാണ് ഈ പുസ്തകം എഴുതിയത്. ഈ പുസ്തകത്തില്‍ നാകമോഹന്‍, വേലിത്തത്ത,തിത്തിരി, ഉപ്പന്‍ (ചെമ്പോത്ത്),മൈന,കൊക്ക്, പാതിരാകൊക്ക്, പൂത്താങ്കീരി,മണ്ണാത്തിപ്പുള്ള്, കൃഷ്ണപ്പരുന്ത്, കുയില്‍, പുള്ളുനത്ത്,വീട്ടുകാക്ക, ബലിക്കാക്ക,തത്ത,ചിന്നക്കുട്ടുറുവന്‍, തുടങ്ങിയ പക്ഷികളെ കുറിച്ച് പറയുന്നുണ്ട്.



      പട്ടണത്തില്‍ നിന്ന് വന്ന അശ്വതിയുടെ കുഞ്ഞമ്മാവാനാണ് അശ്വതിക്കും കൂട്ടുകാര്‍ക്കും പക്ഷികളെകുറിച്ച് പറഞ്ഞു കൊടുക്കുന്നത്. അശ്വതിയുടെ കുഞ്ഞമ്മാവന്‍ അശ്വതിക്ക് ഇന്ദുചൂഡന്‍റെ (കെ കെ നീലകണ്ഠന്‍) 'കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം സമ്മാനിക്കുന്നുണ്ട്. എനിക്കും ആ പുസ്തകം വായിക്കണമെന്ന ആഗ്രഹമുണ്ടായി.



         ലോക പ്രശസ്ത പക്ഷിനിരീക്ഷകനായ സലിം അലി എങ്ങിനെയാണ് പക്ഷിനിരീക്ഷകനായതെന്ന് സി റഹീം ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അശ്വതിയും കൂട്ടുകാരും കുഞ്ഞമ്മാവനോടൊപ്പം ബൈനോക്കുലറുമായി പക്ഷികളെ നിരീക്ഷിക്കാന്‍ പോകുന്നു. കുഞ്ഞമ്മാവന്‍ പല കാര്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.



         കുഞ്ഞമ്മാവന്റെ കുട്ടിക്കാലത്ത് നാട്ടില്‍ ധാരാളം മൃഗങ്ങളും പക്ഷികളും ചെറുജീവികളും  ഉണ്ടായിരുന്നു. ഇന്ന് അവയില്‍ പലതിനെയും കാണാനില്ല. മനുഷ്യരുടെ ദുരാഗ്രഹമാണ് ഇതിന് കാരണം.



" നമുക്ക് ചുറ്റും ജീവിക്കുന്ന ഈ ജീവികളൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമുക്കെല്ലാം ഉപകാരികളാണ്. പക്ഷികള്‍ നമുക്കെന്തെല്ലാം ഉപകാരങ്ങളാണ് ചെയ്യുന്നത്. പൂക്കളില്‍ പരാഗണം നടത്താന്‍ സഹായിക്കുന്നു. കൃഷിക്ക് ഉപദ്രവം വരുത്തുന്ന കീടങ്ങളെ പിടിച്ചുതിന്നുന്നു. പകരം വളസമ്പുഷ്ടമായ കാഷ്ടം കൃഷിയുടെ വളര്‍ച്ചയ്ക്ക് തിരിച്ചു നല്കുന്നു.  കീരികള്‍ പാമ്പുകളെ നിയന്ത്രികുന്നു. പമ്പുകള്‍ എലികളെ നിയന്ത്രിക്കുന്നു. ഇങ്ങിനെ ഒന്നിനോടൊന്ന് ബന്ധപ്പെട്ടാണ് പ്രകൃതി നിലനില്‍ക്കുന്നത്. അതിനാല്‍ ഇവയൊക്കെ നശിപ്പിച്ചാല്‍ നമുക്ക് തന്നെയാണ് ദോഷം.നമുക്ക് ആവശ്യമുള്ളത് മാത്രമേ പ്രകൃതിയില്‍ നിന്ന് എടുക്കാവൂ" ഇങ്ങനെ പ്രകൃതിയുടെ മഹത്വം കുഞ്ഞമ്മാവന്‍ കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. നമുക്ക് വേണ്ടതെല്ലാം പ്രകൃതിയില്‍ ഉണ്ട്.എന്നാല്‍ ഒരാളിന്റെ അത്യാര്‍ഥിക്കുള്ളത് പ്രകൃതിയില്‍ ഉണ്ടാവില്ല എന്ന ഗാന്ധിജിയുടെ സന്ദേശം കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു.



         ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്കു വളരെയധികം അറിവുകള്‍ കിട്ടി.പക്ഷികളെ നിരീക്ഷിക്കണമെന്ന് ഞാനും തീരുമാനിച്ചു.പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന്‍ അവനെ തന്നെയാണ് നശിപ്പിക്കുന്നത് അതുകൊണ്ടു എല്ലാവരും പ്രകൃതിയെ സ്നേഹിക്കണം എന്ന പാഠം ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. കുട്ടികള്‍ എല്ലാവരും ഈ പുസ്തകം വായിച്ചിരിക്കണം.